Mathrubhumi , 05 June 2014

ശബരിമലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍

തിരുവനന്തപുരം: പ്രകൃതി സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പുറത്തിറക്കിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചൂണ്ടിക്കാട്ടുന്ന ശബരിമലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏറ്റവും കാലികപ്രാധാന്യമുള്ള വിഷയമാണ് ആഴ്ചപ്പതിപ്പ് അവതരിപ്പിച്ചതെന്നും പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഭക്തര്‍ തകര്‍ക്കുന്ന ശബരിമല’ എന്ന കവര്‍ സ്റ്റോറിയുമായി പുറത്തിറങ്ങിയ ജൂണ്‍ എട്ടിന്റെ ലക്കമാണ് സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ നേടിയത്. ‘ശബരിമാമല മരണമലയാക്കരുത്’ എന്ന പേരില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ എന്‍.പി. ജയനാണ് ലേഖനവും ഫോട്ടോകളുമായി ഡോക്യുമെന്റേഷന്‍ തയ്യാറാക്കിയത്.ലക്ഷക്കണക്കിന് ഭക്തര്‍ ഓരോ വര്‍ഷവും എത്തുന്ന ശബരിമലയ്ക്ക് ഭക്തര്‍ ഉപേക്ഷിക്കുന്ന ജൈവ – അജൈവ മാലിന്യങ്ങള്‍ താങ്ങാനുള്ള ശേഷിയില്ല. ഒപ്പം ഭക്തര്‍ക്ക് താമസം ഒരുക്കാനായി ഓരോ വര്‍ഷവും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശബരിമലയെ ഒരു ജലബോംബാക്കി മാറ്റിയിരിക്കുന്നു. 2011 ന് ശേഷമുള്ള മകര വിളക്ക് സീസണ് മുമ്പും തീര്‍ഥാടനകാലത്തും അതിനു ശേഷവും പകര്‍ത്തിയ ചിത്രങ്ങള്‍ ശബരിമല നേരിടുന്ന ദുരന്തത്തിന്റെ വ്യാപ്തി കാട്ടിത്തരുന്നു. അലക്ഷ്യവും അജ്ഞത നിറഞ്ഞതുമായ മനുഷ്യ ഇടപെടലുകള്‍ പരിസ്ഥിതിയെ നശിപ്പിക്കുന്നതിന്റെ ഭീകരതയാണ് ശബരിമലയില്‍ കണ്ടതെന്ന് ലേഖകന്‍ പറയുന്നു. ശുദ്ധവായുവും ശുദ്ധജലവും മണ്ണും മരങ്ങളും നിറഞ്ഞ ആവാസ വ്യവസ്ഥയിലാണ് അയ്യപ്പന്‍ എന്ന വിശ്വാസം കുടിയിരിക്കേണ്ടത്.

കാടിനകത്തെ വിശ്വാസകേന്ദ്രമായ ശബരിമലക്ഷേത്രം അതിന്റെ സ്വാഭാവികതയില്‍ നിലനിര്‍ത്താനുള്ള ബാധ്യത ഭക്തര്‍ക്കും ഭരണകൂടത്തിനും ഒരുപോലെയുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് ലേഖകന്‍.

%d bloggers like this: